Thursday, May 26, 2016

യുദ്ധാനന്തരം

പെരുമ്പറയുടെ മുഴക്കത്തില്‍ അവസാനപാട്ടും മുങ്ങി മരിക്കും.
ആകാശത്തുനിന്നും ചോരയുടെ നൂലുകള്‍ പെയ്തിറങ്ങും.
അവസാനതുള്ളി രക്തവും
ഇലകളില്‍ നിന്ന് ഇറ്റു വീഴുന്നതോടെ
ഒടുവിലത്തെ മരവും വേരുകളോടെ പറന്നു പോകും,
ഒരില പോലും പൊഴിക്കാതെ.

അവസാനത്തെ പക്ഷിയും
പാട്ടുകളോടൊത്ത് കടലാഴങ്ങളിലൊളിക്കും,
ഒരു തൂവല്‍ പോലും പൊഴിക്കാതെ*.

പിഴുതെറിഞ്ഞെന്നു നാം കരുതിയ
വിഷ‍ച്ചെടികളെല്ലാം തളിര്‍ക്കും,
തേളുകളേയും പഴുതാരകളേയും വിടര്‍ത്തും.

തെരുവില്‍ വെച്ച് ഉടയാടകളുരിഞ്ഞ്
രാജാവ് നഗ്നനാകും,
തലച്ചോറുമുതല്‍ അവയവങ്ങളുരിഞ്ഞ് പ്രജയും.

അവസാന മണിമുഴക്കത്തിനു ശേഷവും
ഈ പരീക്ഷ അവസാനിക്കുന്നില്ല.

* പി പി രാമചന്ദ്രനോട് കടപ്പാട്


Wednesday, May 4, 2016

ഉറുമ്പുകള്‍

 ഹിന്ദി കവയിത്രി ഗഗന്‍ ഗില്ലിന്റെ ചീംടിയാം (ഉറുമ്പുകള്‍)
 എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം


ഉറുമ്പുകള്‍ക്ക്
അവരുടെ വീടുകളിലേക്കുള്ള
വഴി തെറ്റിയിരിക്കുന്നു.


അവര്‍ നടക്കുകയാണ്,
നമ്മുടെ ഉറക്കത്തിനും ശരീരത്തിനും 
ഇടയിലൂടെ
വരിവരിയായി.


അവരുടെ അദൃശ്യങ്ങളായ ഗോതമ്പുതരികള്‍
ഏതോ കാലങ്ങള്‍
ഏതോ സമയങ്ങളില്‍
തെറുപ്പിച്ചു കളഞ്ഞിരിക്കുന്നു.
ആ തരികളിപ്പോഴും
അവരുടെ ഓര്‍മ്മകളിലാകെ
ചിതറിക്കിടക്കുകയാണ്.
അതും തിരഞ്ഞാണവര്‍
ഭൂമിയുടെ ഒരറ്റം മുതല്‍  മറ്റേതു വരെ അലയുന്നത്,
ജീവനുള്ളതും ചത്തതുമായ
ഏതൊന്നിലും പല്ലുകളാഴ്ത്തുന്നത്.


ദിക്കുകളെയെല്ലാം കുഴപ്പിച്ച് കറക്കുന്നത്രയും
 ഭൂമിയുടെ സങ്കടങ്ങളുടെ കനം കുറക്കാന്‍
അവരുടെ നടത്തത്തിനു കഴിയുന്നു,
ധ്രുവങ്ങളുടെ സ്ഥാനങ്ങള്‍ മാറാവുന്നത്രയും.

പക്ഷെ ഉറുമ്പുകളുടെ സങ്കടങ്ങള്‍ ആരറിയാന്‍ !

കാലങ്ങള്‍ക്കു മുന്പേ
ചിലപ്പോള്‍  അവ
പെണ്ണുങ്ങള്‍ ആയിരുന്നിരിക്കാം.
 (ചിത്രത്തിനു കടപ്പാട്   http://i.likes-media.com)
( കവിത വായിക്കുവാന്‍  http://www.poetrytranslation.org/poems/ants/original)

Sunday, December 22, 2013

ഡയറി

പൊടിപുരണ്ട് തളര്‍ന്ന പകല്‍ പുറത്തൂരിയിട്ട്
വാതില്‍ കടക്കുമ്പോള്‍ ടിവി കരഞ്ഞു തീരുന്നു.

മുഷിഞ്ഞ കണക്കുകള്‍ ഊരിയെറിയും മുന്‍പ്
അടുക്കളയിലെ കരിഞ്ഞ മണം 
വയര്‍ നിറക്കുന്നു.
ഊരിവെയ്ക്കും മുന്‍പ് കണ്ണുകള്‍ 
പകല്‍കാഴ്ചകളുടെ ഓര്‍മ്മകള്‍
തുടച്ചുമാറ്റുന്നു.

മരിച്ചുപോകും മുന്‍പ്  ‍ഞാന്‍ ഉറങ്ങാന്‍ തുടങ്ങുന്നു...

(ചിത്രത്തിന് കടപ്പാട് http://images.fineartamerica.com)

Saturday, December 21, 2013

പച്ചക്കുതിര


ജനലരികിലിരുന്നിട്ടുണ്ടാകും...
വാതില്‍പടിയിലും.

ഉറുമ്പുകളുടെ ഘോഷയാത്രയില്‍
ഘടകക്രിയചെയ്യപ്പെട്ട് ഒഴുകുമ്പോള്‍ 
കണ്ണടച്ചുകളഞ്ഞ 
പ്രണയത്തിന് നീ കാത്തുവെച്ചതെന്തായിരിക്കും..?


(ചിത്രത്തിന് കടപ്പാട്  robmatthewslight-dream-2003)

Saturday, July 6, 2013

വേട്ട
ഞാന്‍ പോലുമറിയാതെ
ഹൃദയത്തിന്റെ കൂട് പൊളിച്ച്
പുറത്തുകടന്ന ആ വാക്കുകള്‍
നിന്റെ മനസ്സിന്നരികില്‍
പതിവായി വന്നുമുട്ടി ശല്യപ്പെടുത്തുന്നുവെന്നോ..?
പുരികംകുലച്ചൊറ്റ നോട്ടം തൊടുത്ത്
എയ്തുവീഴ്ത്തിയേക്കുക.
ചോദിക്കാന്‍ വരില്ല ഞാന്‍...

painting from https://www.flickr.com