Saturday, September 18, 2010

പ്രണയം

പ്രണയമൊരു വാക്കിന്‍ 
കരുത്തിലിരുവര്‍   നമ്മ
ളൊരുമിച്ചു  യാത്രയാകുന്നു..


പുഴകളില്‍ , പാടത്തി-
നരുകില്‍ നാമിരുവരും 
പ്രണയമായ് പെയ്തു തീരുന്നു.

നിന്നില്‍ ഞാന്‍ 
വെയിലായ്  മുളയ്ക്കുന്നു 
നീയെന്നി-
ലൊരു നിലാവായ് പടരുന്നു.


പലതും പലകുറി പറയുന്നുവെങ്കിലും 
പറയാതെ ഒക്കെയും ബാക്കി...
സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കുമ്പോഴും 
കാണാന്‍ കിനാവുകള്‍ ബാക്കി...
പാതി തുറന്നിട്ട ജാലകത്തില്‍ കൂടി 
ഒരുമിച്ചു രാവു കാണുന്നു
രാപ്പുഴയ്ക്കപ്പുറം
കാറ്റ് മൂളീടുന്ന 
പാട്ടിന്നു കാത് നല്‍കുന്നു


ഇനി നമ്മള്‍ ഒരുമിച്ചു 
പരിഭവ കര്‍ക്കിടം
നനയുന്നു തമ്മിലറിയുന്നു
ഒരു കരം നീട്ടു നീ 
ഞാന്‍ പിടിച്ചോട്ടെ 
ഈ പെരുവഴി ഒന്നിച്ചു താണ്ടാം.

No comments:

Post a Comment