Sunday, September 25, 2011

എന്റെ -നിന്റെ ഒരു പ്രണയഗീതം

എന്റെ
എത്ര ആട്ടിയോടിച്ചിട്ടും  
പോകാത്ത കിഴവന്‍ നായ പോല്‍ 
നിന്റെ സ്നേഹം വാതില്‍ പടിയില്‍.

സ്വകാര്യതകളെ ആലോസരപ്പെടുത്തുന്ന 
വിരുന്നുകാരുടെ  നേരെ 
ഒന്ന് മുരളുക പോലും ചെയ്യാതെ...

വല്ലപ്പോഴുമൊരിക്കല്‍ ചവച്ചു തുപ്പുന്ന 
ഓര്‍മകളുടെ മീന്മുള്ള് നുണഞ്ഞ്,

പൂച്ചകളോടും 
കോഴികളോടും  
കാക്കകൂട്ടങ്ങളോടും
മത്സരിക്കാനില്ലാതെ 
നിന്റെ സ്നേഹം എന്നെ കാത്ത്....

നിന്റെ 
എത്ര തൂത്തുവാരിയിട്ടും 
വീണ്ടും മുളച്ചു പൊന്തുന്ന 
ചിലന്തി വല പോല്‍ 
എന്റെ സ്നേഹം വാതില്‍ പിറകില്‍.

വിരുന്നു മുറിയില്‍ ചടയുന്ന 
സൌഹൃദ പൊങ്ങച്ചങ്ങള്‍ക്ക്‌  അഭംഗിയായ് ....

ചുവരിലിഴയുന്ന അതിപ്രാചീന പ്രവാചകരുടെ
പുച്ഛം നിറഞ്ഞ നോട്ടങ്ങളും
മാറാല തട്ടിയുടെ പരുഷ സ്പര്‍ശങ്ങളും 
എത്ര ഏറ്റിട്ടും   പരിഭവങ്ങളില്ലാതെ....

മുറിയുടെ മൂലകള്‍ തോറും 
എന്റെ സ്നേഹം നിനക്ക്.....
 
 

No comments:

Post a Comment