Tuesday, July 10, 2018

വീട്ടുകാര്യം

ഉച്ചമയക്കം വിട്ട്   വീട്
വെയിൽ വിരിച്ച പാടത്തേക്ക് നോക്കി ചെരിഞ്ഞു കിടന്നു.
പിരിച്ച കയറുമായി
നായാടി പടികടന്നു വന്നു.
പൊക്കണത്തിൽ
ഉടലുള്ളിലേക്ക് വലിച്ച് ആമ.
പുറന്തോടെളുപ്പം അടരാൻ
തിളച്ച വെള്ളത്തിലിട്ടാൽ മതി.
"കോരിക്കോളൂ "
വീട് കിണറിനു നേരെ ചൂണ്ടി.
പൊക്കണവും കയറും നോക്കാൻ
മാവിനെയേൽപ്പിച്ച് നായാടി കിണറരികിലേക്ക് നടന്നു.
വീടിന്റെ നിറുകയിൽ വീഴാൻ
തിളച്ച മഴത്തുള്ളി
മാനത്ത് കാത്തിരുന്നു.
ആമ  തിളച്ച വെള്ളവും കാത്തിരുന്നു.
വിള്ളൽ വീണ ഉപ്പൂറ്റിയെ കിണറ്റുവക്കിൽ
കരിമൂർഖൻ കാത്തിരുന്നു.
തെക്കേപ്പുറത്തൊരു
മഴു കാത്തിരുന്നു.
വീട്ടിനകത്തെ
ഫാനിൽ കുരുക്കിയ സാരി കാത്തിരുന്നു.
വീട് ഒരു കരച്ചിൽ കാത്തിരുന്നു .

No comments:

Post a Comment